ചുവപ്പ്
ചുറ്റിലും നിറയും അഴകാണ് ചുവപ്പ്. തൊടിയിലെ ചെമ്പരത്തി വിരിയുമ്പോഴും തെച്ചിക്കൂട്ടം ഇളകുമ്പോഴും ചുവപ്പാണ്; പ്രഭാതപ്രദോഷങ്ങളിൽ വിണ്ണും മണ്ണും ലോകവും ചുവപ്പാണ്. ജീവന്റെ നിറവും ജീവിതത്തിൻ താളവും ചുവപ്പാണ്. പ്രണയകാമക്രോധങ്ങൾ സന്തോഷസന്താപങ്ങൾ ജയപരാജയങ്ങൾ സ്നേഹവിദ്വേഷങ്ങൾ; സർവ്വതും ചുവപ്പിൻ വ്യതിയാനങ്ങൾ മാത്രം. ചുവപ്പാണ് ചുറ്റിലും. ചുവപ്പാണ് എന്നിലും. നെറ്റിയിൽ ഞാൻ സസൂക്ഷ്മം വരയ്ക്കുന്ന പൊട്ടിലും; നീ ചുംബിക്കുമ്പോൾ എന്റെ അധരങ്ങളിലും; കാലുകൽക്കിടയിലൂടൊഴുകുന്ന സ്ത്രീത്വത്തിലും ചുവപ്പാണ്. സർവ്വവും ചുവപ്പാണ്. ഞാനും ചുവപ്പാണ്.