മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ
പതിവ് പോലെ ചെയ്യേണ്ട പണി ചെയ്യാൻ നേരത്തു മാത്രം വരുന്ന നൊസ്റ്റാൾജിക് റഷ് വീണ്ടും ഒരു ചാറ്റൽ മഴ പോലെ മനസ്സിൽ പെയ്തപ്പോൾ ഞാൻ ഒരിക്കൽ കൂടി കുട്ടിക്കാലത്തിലേക്ക് തിരിച്ചെത്തി. കൊച്ചി നഗരത്തിലെ ഒരു ഒൻപതാം നില ഫ്ലാറ്റിൽ ഇരുന്നു ഞാൻ രണ്ടായിരങ്ങളിലെ കരിവെള്ളൂരിലേക്ക് വീണ്ടും ഉറ്റുനോക്കി. നാട്ടിൽ വീട് വെച്ച ആ വേനൽക്കാലം ഇന്നലെ എന്ന പോലെ ഓർമയുണ്ട്. രണ്ടായിരത്തി നാല് മെയ് മാസം. ദിവസം ഓർമയില്ല. ഏതോ ഒരു തിരഞ്ഞെടുപ്പ് തീയതി ആയിരുന്നു എന്ന് മാത്രം ഓർമയുണ്ട്. വോട്ട് ചെയ്യാൻ പോയതുകൊണ്ട് വീട് കൂടലിനു എത്താൻ വൈകി എന്ന് പറഞ്ഞ അതിഥികളെ ഓർക്കുന്നു. ഡെമോക്രസി എന്താണ് പൊളിറ്റിക്സ് എന്താണ് എന്നറിയാത്ത ഒൻപതു വയസ്സുകാരി എനിക്ക് വോട്ട് ചെയ്യൽ ആണോ സദ്യ ഉണ്ണൽ ആണോ ഇവർക്കൊക്കെ കൂടുതൽ പ്രധാനം എന്നായിരുന്നു മനസ്സിൽ. എന്തായാലും പറഞ്ഞു വന്നത് ആ വേനൽ കാലത്തെ പറ്റി. അത്തവണ പതിവിലും നേരത്തെ വേനൽ മഴ കിട്ടിയിരുന്നു എന്നാരോ പറഞ്ഞത് ഓർക്കുന്നു. വീടിന്റെ അടുത്തുള്ള തറവാട്ടമ്പലത്തിലെ കുളം അത്തവണ നിറഞ്ഞിരിക്കുകയായിരുന്നു, ഞങ്ങളെ കാത്തുകൊണ്ടെന്ന പോലെ. നീന്തൽ അറിയില്ലായിരുന്നെങ്കിലും അച്ഛന്റെ നാടിനെ കുറിച്ചുള്...