മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ
പതിവ് പോലെ ചെയ്യേണ്ട പണി ചെയ്യാൻ നേരത്തു മാത്രം വരുന്ന നൊസ്റ്റാൾജിക് റഷ് വീണ്ടും ഒരു ചാറ്റൽ മഴ പോലെ മനസ്സിൽ പെയ്തപ്പോൾ ഞാൻ ഒരിക്കൽ കൂടി കുട്ടിക്കാലത്തിലേക്ക് തിരിച്ചെത്തി. കൊച്ചി നഗരത്തിലെ ഒരു ഒൻപതാം നില ഫ്ലാറ്റിൽ ഇരുന്നു ഞാൻ രണ്ടായിരങ്ങളിലെ കരിവെള്ളൂരിലേക്ക് വീണ്ടും ഉറ്റുനോക്കി.
നാട്ടിൽ വീട് വെച്ച ആ വേനൽക്കാലം ഇന്നലെ എന്ന പോലെ ഓർമയുണ്ട്. രണ്ടായിരത്തി നാല് മെയ് മാസം. ദിവസം ഓർമയില്ല. ഏതോ ഒരു തിരഞ്ഞെടുപ്പ് തീയതി ആയിരുന്നു എന്ന് മാത്രം ഓർമയുണ്ട്. വോട്ട് ചെയ്യാൻ പോയതുകൊണ്ട് വീട് കൂടലിനു എത്താൻ വൈകി എന്ന് പറഞ്ഞ അതിഥികളെ ഓർക്കുന്നു. ഡെമോക്രസി എന്താണ് പൊളിറ്റിക്സ് എന്താണ് എന്നറിയാത്ത ഒൻപതു വയസ്സുകാരി എനിക്ക് വോട്ട് ചെയ്യൽ ആണോ സദ്യ ഉണ്ണൽ ആണോ ഇവർക്കൊക്കെ കൂടുതൽ പ്രധാനം എന്നായിരുന്നു മനസ്സിൽ.
എന്തായാലും പറഞ്ഞു വന്നത് ആ വേനൽ കാലത്തെ പറ്റി. അത്തവണ പതിവിലും നേരത്തെ വേനൽ മഴ കിട്ടിയിരുന്നു എന്നാരോ പറഞ്ഞത് ഓർക്കുന്നു. വീടിന്റെ അടുത്തുള്ള തറവാട്ടമ്പലത്തിലെ കുളം അത്തവണ നിറഞ്ഞിരിക്കുകയായിരുന്നു, ഞങ്ങളെ കാത്തുകൊണ്ടെന്ന പോലെ. നീന്തൽ അറിയില്ലായിരുന്നെങ്കിലും അച്ഛന്റെ നാടിനെ കുറിച്ചുള്ള അത് വരെയുള്ള വര്ണനകൾ വഴി കുളവും കുളത്തിൽ കുളിയും ഒരു ഹരം പോലെ തോന്നിയിരുന്നു എനിക്കും കുട്ടനും. അത് വരെ സ്വിമ്മിങ് പൂളിൽ പോലും ചാടാത്ത ഞങ്ങളുടെ മനസ്സിൽ അമ്പലക്കുളം ഒരു വീഗാലാൻഡ് ആയില്ലെങ്കിലല്ലേ അത്ഭുദം. കൊട്ട തേങ്ങയും ട്യൂബും ഒക്കെ വെച്ചു ഞങ്ങളെ നീന്തൽ പഠിപ്പിക്കാൻ അച്ഛൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് പല വേനലവധികൾ അവിടെ പോയിനിന്നിട്ടുണ്ടെങ്കിലും കുളം അത്ര നിറഞ്ഞു കണ്ടിട്ടില്ലെന്നു തോന്നുന്നു.
നാട്ടിലെ ദിവസങ്ങൾക്കു അതിന്റെതായ ചിട്ടയും താളവും ഉണ്ടായിരുന്നു. രാവിലെ എണീറ്റ് കഴിഞ്ഞാൽ അമ്മയുടെ വക പാല് കാച്ചിയത് ഒരു ഗ്ലാസ് കിട്ടും. അത് കുടിച്ചു കഴിഞ്ഞാൽ അച്ഛമ്മയുടെ കൂടെ കുളക്കടവിലേക്ക് വെച്ച് പിടിക്കും. പിന്നെ കുളി കഴിഞ്ഞു തിരിച്ചു പറമ്പിലൂടെ നടന്നു വീട്ടിലെത്തുമ്പോഴേക്ക് കാൽ മുഴുവൻ വീണ്ടും മണ്ണും ചളിയും പുരളും- സ്വാഭാവികം. പിന്നെ അമ്പലദർശനം ആണ്. യുക്തിവാദം എന്താ എന്ന് പോലും അറിയാത്ത പ്രായം ആണെന്ന് ഓർക്കണം. തിരിച്ചു വരുമ്പോളേക്ക് അമ്മ പ്രാതൽ തയ്യാറാക്കിയിരിക്കും. അതുകൂടി കഴിഞ്ഞാൽ പിന്നെ ദിവസം മുഴുവൻ കിടക്കുകയാണ് ഇഷ്ടം പോലെ തീർക്കാൻ.
ഓരോ കാറ്റു വീശുമ്പോളും അച്ഛൻ ഞങ്ങളെ മാന്തോപ്പിലേക്ക് അയക്കും; കാറ്റത്തു വീഴുന്ന മാങ്ങകൾ പെറുക്കാൻ. ബക്കറ്റിലും കൊട്ടയിലും ഉടുപ്പിലും ഒക്കെ ആയി ഞാനും കുട്ടനും അടങ്ങുന്ന മാമ്പഴ ശേഖരണ കമ്മിറ്റി പണിയിലേക്ക് കടക്കും. ആദ്യമൊക്കെ ഉത്സാഹം ആയിരുന്നെങ്കിലും ഒരു നാലഞ്ച് തവണ കഴിഞ്ഞതോടെ ഈ പരുപാടി അത്ര സുഖകരമല്ല എന്നായി എനിക്കും കുട്ടനും. അല്ല, എത്രയാന്നു വെച്ചാണ് ഈ മാങ്ങാ ഇരുന്നു തിന്നുന്നത് എന്ന് ആരാഞ്ഞപ്പോളാണ് അമ്മയുടെ നിഗൂഡ പ്ലാൻ വേറെയാണെന്ന് തിരിഞ്ഞത് . ബക്കറ്റ് കണക്കിനുള്ള മാങ്ങകളൊക്കെ jam ആക്കുവാൻ പോവുകയാണത്രെ. യൂടൂബും കോൺടെന്റ് ക്രീയേഷനും ഒന്നും ഇല്ലാതിരുന്ന കാലം ആയതിനാൽ അമ്മയുടെ അന്നത്തെ DIY mango jam ഞങ്ങളുടെ ഓർമകളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു.
ശേഖരിച്ച മാങ്ങകളിൽ ചിലത് മാമ്പഴ പുളിശ്ശേരിയിലെയും മാങ്ങാക്കറിയിലേയുമൊക്കെ രക്തസാക്ഷികൾ ആവാറുണ്ടായിരുന്നു. അയ്യേ എന്ന് വിചാരിച്ചു കഴിക്കാതെ വിട്ട അന്നത്തെ മാമ്പഴ പുളിശ്ശേരികൾ പലതോർത്തു ഇന്ന് ചെറുതായി ഖേദിക്കുന്നു (അന്നെനിക്ക് ഇതൊന്നും ആസ്വദിക്കാനുള്ള വിവരം ഇല്ലായിരുന്നല്ലോ; അല്ല ഇനി എനിക്ക് പ്രായമാവുന്നതിന്റെ ലക്ഷണങ്ങളാണോ?)
ചോറുണ്ടു കഴിഞ്ഞാൽ പിന്നെ മുതിർന്നവരുടെ അജണ്ട മയക്കമായിരുന്നു. പായ വിരിച്ചു കൂർക്കം വലിച്ചു ചൂടിനെ ഭേദിച്ചൊരു ലഘു നിദ്ര. നിന്ന നിൽപ്പിൽ പമ്പരം പോലെ പത്തു മിനിറ്റ് കറങ്ങാൻ പറ്റുന്ന പ്രായം ആയതിനാൽ ഞങ്ങൾക്ക് ഈ സമയവും കളി ആയിരുന്നു. കളിച്ചു മടുക്കുമ്പോൾ ഇടയ്ക്കു വല്ലതും ഇരുന്നു വായിക്കുമായിരുന്നു; അല്ലെങ്കിൽ ചിത്രം വരക്കും. ഒന്നാം നിലയിലെ ബാല്കണിയിൽ കാറ്റും കൊണ്ട് കിടന്നു വായിക്കാൻ ഒരു പ്രത്യേക രസമാണ്. വലുതായപ്പോൾ പിന്നീടെപ്പോഴോക്കെയോ എഴുത്തും അവിടെയായിരുന്നു. Cousins വരുന്ന സമയങ്ങൾ ആണെങ്കിൽ ബാൽക്കണി സൊറ പറച്ചിൽ വേദി ആയിരുന്നു. ബാൽക്കണി മാത്രം അല്ല, ഉമ്മറപ്പടിയും, ഊൺമേശയും, ആൽത്തറയും, അമ്പലക്കുളവും ഒക്കെ സൊറ പറച്ചിൽ ഇടങ്ങൾ ആകുമായിരുന്നു.
മയക്കം കഴിഞ്ഞാൽ സായാന്ഹ ചടങ്ങുകൾ തുടങ്ങും, അച്ഛൻ ചിലപ്പോൾ ഞങ്ങളെയും കൂട്ടി വീണ്ടും തൊടിയിലേക്കിറങ്ങും, അച്ഛമ്മക്ക് മാല കെട്ടാനുള്ള പൂവും മറ്റും പറിക്കാൻ. ഇതെല്ലാം കഴിഞ്ഞാൽ പിന്നെ ചായക്കുള്ള നേരം ആയി (അമ്മയുടെ ജാം ഒരു ഹിറ്റ് ആയിരുന്നത് ഈ സന്ദർഭത്തിൽ ആയിരുന്നു). വിളക്കു കൊളുത്തി കഴിഞ്ഞാൽ അച്ഛമ്മ അമ്പലത്തിലേക്കുള്ള മാല കെട്ടാനുള്ള വട്ടം കൂട്ടുകയായി. ഉമ്മറത്തിലെ ട്യൂബുലൈറ്റിന്റെ താഴെ ഒരു പായ വിരിച്ചു മാല കെട്ടലും ജപവുമായി മുഴുകിയിരിക്കുന്ന അച്ഛമ്മയെ നോക്കി ഇരിക്കാൻ ഒരു സുഖം തന്നെയാണ്.
ഇതൊക്കെ ആയിരുന്നെങ്കിലും പൊതുവെ കുട്ടികൾ ആയിരുന്നപ്പോൾ കസിൻസ് ഇല്ലെങ്കിൽ നാട്ടിൽ പോവാൻ എനിക്കും കുട്ടനും അത്ര ഉത്സാഹം ഉണ്ടാവാറില്ലായിരുന്നു. കാരണം അവിടെ ഫോൺ കണക്ഷൻ, TV ഇത്യാദികൾ ഒന്നും അന്ന് വെച്ചിട്ടില്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ഒരു ടേപ്പ് റെക്കോർഡർ, അതിൽ കേട്ട് മടുത്ത പാട്ടുകളുടെ കാസ്സറ്റുകളും ആകാശവാണി FM ഉം (റേഡിയോ മംഗോ ഒക്കെ തുടങ്ങുന്നതിനു മുന്നെയാണല്ലോ).
പിന്നെപ്പോഴോ സ്വന്തമായി മൊബൈൽ ഫോൺ ആയി, ലാപ്ടോപ്പ് ആയി, ഇൻസ്റ്റന്റ് കമ്മ്യൂണിക്കേഷൻ ആയി. നാട്ടിൽ ചെലവഴിച്ചിരുന്ന നീണ്ട വേനലവധികൾ ഇല്ലാതെയും ആയി.
പ്രായവും കൂടി സൗകര്യങ്ങളും കൂടി, കൂടിക്കാഴ്ചകളും അവയുടെ ദൈർഖ്യവും മാത്രം കുറഞ്ഞു.
അങ്ങനെ മാങ്ങകളും മന്ദമാരുതനും ഓർത്തുകൊണ്ട് ഞാൻ വീണ്ടും ഫോൺ തുറന്നു. ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ എന്ന ഗാനം മൂളിക്കൊണ്ട് ഇൻസ്റ്റാഗ്രാമിലേക്ക്. അല്ലെങ്കിലും ഇൻസ്റ്റാഗ്രാമിലെ പല നാട്ടിൻപുറം നൊസ്റ്റാൾജിയ വാഴ്ത്തലുകൾ കാണുമ്പോൾ ഓർമ്മകൾ അയവിറക്കൽ എനിക്ക് ഒരു സ്ഥിരം അസുഖം ആയിമാറിയിട്ടുണ്ട് ഈയിടെയായി.
വാൽ കഷ്ണം- ഇത് വായിക്കുന്ന എന്നെക്കാൾ മുതിർന്നവർക്കു എന്റെ ഘോര പ്രസംഗം കാണുമ്പോൾ ചിരി വരുന്നുണ്ടാകാം. ഇനിയും എത്ര ഓണം ഉണ്ണാൻ ഉള്ളതാന്നു അറിയാഞ്ഞിട്ടല്ല; എന്നാലും nostalgia വരുമ്പോൾ അനുഭവിക്കണമല്ലോ?
❤️❤️❤️ കരിവെള്ളൂർ ഓർമ്മകൾ ഹൃദ്യമായി ❤️❤️❤️
ReplyDeleteThank you! ♥️
Deleteകരിവെള്ളൂർ ഓർമ്മകൾ അടിപൊളി 👍👍👍
ReplyDeleteThanks a lot! <3
Delete