ചില തായ് ഓർമ്മകൾ
എന്റെ പ്രിയപ്പെട്ട പല ഇടങ്ങളും ഭാവനയും കൂട്ടിച്ചേർത്തു ഒരുക്കിയ ഒരു ദൃശ്യ വിരുന്നു പോലെ തോന്നുന്നു ക്രാബി. ഞങ്ങൾ താമസിക്കുന്ന റിസോർട്ടിന്റെ ചുറ്റുപാടുകൾ കണ്ടാൽ കേരളത്തിലെ ഒരു വീടും പറമ്പും എന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പോകും, പശ്ചാത്തലത്തിലെ ക്ലിഫ് ഒഴിച്ച് നിർത്തിയാൽ. പറമ്പു നിറയെ മാവും പ്ലാവും തെങ്ങും കൗങ്ങും മുളയും വാഴയും പച്ചപ്പ് വിരിച്ചു നിൽക്കുന്നു. മണ്ണിൽ lawns വെച്ച് പിടിപ്പിച്ചിട്ടില്ല; താനേ വളർന്നു വരുന്ന പുല്ലുകളും, പൊഴിഞ്ഞു വീണ പ്ലാവിലയും മാവിലയും, അങ്ങിങ്ങായി തലപൊക്കുന്ന വട്ടയില ചെടികളും പൊന്തി മുളച്ചു വരുന്ന ചേമ്പും മറ്റും ആണ് പറമ്പിൽ ചുറ്റും. ഞങ്ങളുടെ കോട്ടജിന്റെ മുറ്റത്തു തന്നെ നിൽക്കുന്നു ഒരു ചെറിയ ഒട്ടുമാവ്, അതിൽ തൂങ്ങി നിൽക്കുന്നു പച്ചമാങ്ങകളുടെ മൂവർസംഘം. മാവിലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മൂവർസംഘം തങ്ങളുടെ ഖാതകരെ കുറിച്ചോർത്തു ദിനങ്ങൾ ചിലവഴിക്കുകയിരിക്കുമോ എന്ന് ഞാൻ വെറുതെ ചിന്തിച്ചു. കിളികൾക്കു ഭക്ഷണം ആവുമോ അതോ റിസോർട് നടത്തിപ്പുകാർ എടുത്ത് വല്ല തായ് അച്ചാറും ഉണ്ടാക്കുമോ എന്നായിരിന്നിരിക്കുമോ അവരുടെ ചിന്ത? മറ്റൊരു സാമ്യം എന്താണെന്ന് വെച്ച...