ചില തായ് ഓർമ്മകൾ
എന്റെ പ്രിയപ്പെട്ട പല ഇടങ്ങളും ഭാവനയും കൂട്ടിച്ചേർത്തു ഒരുക്കിയ ഒരു ദൃശ്യ വിരുന്നു പോലെ തോന്നുന്നു ക്രാബി. ഞങ്ങൾ താമസിക്കുന്ന റിസോർട്ടിന്റെ ചുറ്റുപാടുകൾ കണ്ടാൽ കേരളത്തിലെ ഒരു വീടും പറമ്പും എന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പോകും, പശ്ചാത്തലത്തിലെ ക്ലിഫ് ഒഴിച്ച് നിർത്തിയാൽ. പറമ്പു നിറയെ മാവും പ്ലാവും തെങ്ങും കൗങ്ങും മുളയും വാഴയും പച്ചപ്പ് വിരിച്ചു നിൽക്കുന്നു. മണ്ണിൽ lawns വെച്ച് പിടിപ്പിച്ചിട്ടില്ല; താനേ വളർന്നു വരുന്ന പുല്ലുകളും, പൊഴിഞ്ഞു വീണ പ്ലാവിലയും മാവിലയും, അങ്ങിങ്ങായി തലപൊക്കുന്ന വട്ടയില ചെടികളും പൊന്തി മുളച്ചു വരുന്ന ചേമ്പും മറ്റും ആണ് പറമ്പിൽ ചുറ്റും. ഞങ്ങളുടെ കോട്ടജിന്റെ മുറ്റത്തു തന്നെ നിൽക്കുന്നു ഒരു ചെറിയ ഒട്ടുമാവ്, അതിൽ തൂങ്ങി നിൽക്കുന്നു പച്ചമാങ്ങകളുടെ മൂവർസംഘം. മാവിലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മൂവർസംഘം തങ്ങളുടെ ഖാതകരെ കുറിച്ചോർത്തു ദിനങ്ങൾ ചിലവഴിക്കുകയിരിക്കുമോ എന്ന് ഞാൻ വെറുതെ ചിന്തിച്ചു. കിളികൾക്കു ഭക്ഷണം ആവുമോ അതോ റിസോർട് നടത്തിപ്പുകാർ എടുത്ത് വല്ല തായ് അച്ചാറും ഉണ്ടാക്കുമോ എന്നായിരിന്നിരിക്കുമോ അവരുടെ ചിന്ത?
മറ്റൊരു സാമ്യം എന്താണെന്ന് വെച്ചാൽ നാട്ടിലെ പോലെ ഇവിടെയും ഓരോ വീടിനു (അഥവാ കോട്ടജ്) പുറത്തായി തന്നെ പൈപ്പുകൾ വെച്ചിട്ടുണ്ട്; കാൽ കഴുകി വേണം അകത്തു കയറാൻ. ഉമ്മറ കോലായിലാകട്ടെ ഇരിപ്പിടി, കസേര പിന്നെ ഒരു മേശ എന്നിവയുണ്ട്. ഇരിപ്പിടിയും നാട്ടിലെ വീടിന്റെ ബാൽക്കണി ഓർമിപ്പിച്ചു. ഉമ്മറത്തിന്റെ ഒരു വശത്തു തുണികൾ ആറിയിടാനായി രണ്ടു മൂന്നു ചെറിയ അയലുകളും കെട്ടിയിട്ടിട്ടുണ്ട്. മറ്റൊരു കേരളം എന്ന് തോന്നിപ്പിച്ചു ഇങ്ങനെയുള്ളവ എല്ലാം.
എന്നാൽ കടൽത്തീരത്തേക്കു ചെന്നാൽ സംഗതി മാറും. ഇവിടുത്തെ തിരമാലകൾക്കൊരു ലാസ്യ ഭാവമാണ്; അവ ഒരു ഉച്ചമയക്കം കഴിഞ്ഞെണീറ്റ തരം ആലസ്യത്തോടെ പതുക്കെ തീരത്തു വന്നു പതിയുന്നു. നാട്ടിലെ തിരകളുടെ ഭാവം വാശിയുള്ള യുവത്വം ആണ്; തെല്ലു ചൊടിയോടെ അല്ലാതെ ഉച്ചക്ക് പോലും തിര വന്നടിക്കാറില്ല. വൈകുന്നേരം ആവുമ്പോഴേക്ക് തീരത്തേക്കുള്ള തിരയുടെ മടക്കങ്ങൾ ആഞ്ഞടിക്കൽ പോലെയാകാറില്ലേ അവിടെ?
കടലിന്റെ ഈ ശാന്തത മൂലമാണോ ഇവിടെ അവളുടെ നീലിമ തെളിഞ്ഞു കാണാനാവുന്നത് ആവോ? തിരകൾ വന്നടിയുമ്പോൾ കാലിലേക്ക് നോക്കിയാൽ വെളുത്ത മണൽത്തരികൾ വെള്ളത്തിന്റെ ലാസ്യതാളത്തിൽ അലിഞ്ഞു ചേരുന്നതായി കാണാം.
ദൂരങ്ങളിലേക്ക് നോക്കിയാൽ എവിടെയും കുറെ അംബരചുംബികളായ പാറകളാണ്; Cliffs of Krabi. ഉയരങ്ങളിലേക്കു ഉറ്റുനോക്കുന്ന പാറകൾ. മരങ്ങളും കാടുകളും വളരുന്ന അംബരചുംബികൾ കണ്ണുകൾക്ക് തന്നെ കുളിര്മയാണ്.
പൊട ദ്വീപിൽ ഇന്നലെ കടലിലിറങ്ങി സൂര്യാസ്തമയം വീക്ഷിച്ചപ്പോൾ എനിക്ക് തോന്നി ഒരുപക്ഷെ ആദിമ മനുഷ്യൻ ലോകത്തെ കണ്ടിരുന്നത് ഇങ്ങനെ ആയിരിക്കാം എന്ന്. മാലിന്യം തൊട്ടു തീണ്ടാത്ത പ്രകൃതി, അതിൽ ലയിച്ചു അതിന്റെ സൗന്ദര്യം ആസ്വദിച്ചു മതി മറന്ന മനുഷ്യൻ. ഇങ്ങനെയും ജീവിതം ഇന്നും സാധ്യമല്ലോയെന്നു ഓർക്കുമ്പോൾ തെല്ലു വിഷാദം ഇല്ലാതില്ല. ഇവിടെയുള്ള എന്റെ ജീവിതം ഒരു സ്വപ്നം പോലെ ദൈർഖ്യം കുറഞ്ഞതാണല്ലോ. ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു; സ്വർഗ്ഗത്തിന്റെ ലഹരിയിൽ ഇന്ന് മതി മറക്കുക, നാളെ തിരിച്ച് എത്തേണ്ടിയിരിക്കുന്നു. ജോലിയുടെയും സിമന്റ് കാടുകളുടെയും നടുക്കിലേക്ക്. കാപട്യം നിറഞ്ഞ ലോകത്തേക്കുള്ള മടക്കം അനിവാര്യമാണല്ലോ. വിചിത്രം ഈ ജീവിതം.
Superrrr
ReplyDeleteThank you! <3
Delete