ചില ദിവസങ്ങൾ അങ്ങനെയാണ്, മടി പിടിച്ചു മുറിയിലൊതുങ്ങി തീർക്കുന്ന ദിവസങ്ങൾ. കുട്ടിക്കാലത്തു അത്തരം ദിവസങ്ങൾ അധികം ഇല്ലായിരുന്നു. മടിപിടിച്ചിരിക്കാൻ ശ്രമിച്ചാലും ഉറക്കമെണീപ്പിച്ചു എങ്ങനെയെങ്കിലും സമയത്തിന് സ്കൂളിലേക്ക് അമ്മയും അച്ഛനും പറഞ്ഞയക്കുമായിരുന്നു.
എന്നൽ ഇന്ന് അങ്ങനെ ഒരു ദിവസം ആണ്. ഉച്ചക്കെഴുന്നേറ്റു, കുറെ നേരം ചിന്തയിൽ മുഴുകി അങ്ങനെ സമയം ചിലവഴിച്ചു. ദിവസത്തെ ആദ്യത്തെ ഭക്ഷണം കഴിച്ചത് വൈകുന്നേരം 6 മണിക്ക്. ഇതിനിടയിൽ രണ്ടു കപ്പു ചായ വെച്ച് കുടിച്ചു എന്നല്ലാതെ മറ്റു പ്രയോജനകരമായ കാര്യങ്ങൾ ഒന്നും ചെയ്തില്ല.
ഇത്തരം ദിവസങ്ങൾക്കു ഒരു പ്രത്യേകത ഉണ്ട്. മടി പിടിച്ചിരുന്നു കളയുന്ന മണിക്കൂറുകൾ ഒരു തരം ആനന്ദം തരുന്നുണ്ട്. അൽപായുസ്സുള്ള തരമൊരു ആനന്ദം. വരവറിയിച്ചധികം വൈകാതെ തന്നെ കുറ്റബോധത്തിനു കളമൊഴിഞ്ഞു കൊടുക്കും. എന്തിനു ഒരു ദിവസം ഇങ്ങനെ കളഞ്ഞു എന്നുള്ള ഒരു തോന്നൽ.
മടി ദിവസങ്ങളുടെ നിറം ചാര നിറമാണോ? അതോ ചായയുടെ തവിട്ടോ? ചിട്ടയുടെയും ആവർസതയുടെയും കൂടെ ഒരു തെല്ലു ചൊടിയും കയ്യിൽ വരുന്ന ദിവസങ്ങൾക്ക് ചായയുടെ നിറമാവാം.
ചില ദിവസങ്ങളിൽ വേനൽ മഴയിൽ മരമുലച്ചു വീണ്ടും നനഞ്ഞ പതിനഞ്ച് വയസ്സുകാരി എന്നെ ഓർമിപ്പിക്കും തരം മനസമാധാനം തോന്നാറുണ്ട്. അവയായിരിക്കാം പച്ച ദിനങ്ങൾ.
Comments
Post a Comment