പോകണമെനിക്ക് ഒരു സുന്ദരയാത്രയ്ക്ക്

പോകണമെനിക്ക്  ഒരു സുന്ദരയാത്രയ്ക്ക്
ആരും തളക്കാനില്ലാത്തൊരു പരുന്തിനെപ്പോലെ
ഇവിടം വിട്ട് ദൂരങ്ങളിലേക്ക്
പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക്

കണ്ടെത്തേണ്ടതുണ്ട് ഒരിടം
സ്വർഗ്ഗതുല്യമായിരിക്കുന്നൊരിടം
മുഷിഞ്ഞ സദാചാരങ്ങളില്ലാത്ത
മടുപ്പിക്കുന്ന സമൂഹച്ചങ്ങലകളില്ലാത്തൊരിടം

മതവും ജാതിയും മറ്റു വർഗവിഭാഗങ്ങളും
ഇല്ലാതാവുന്നൊരിടത്ത് ചെല്ലണം
കലാപവിപ്ലവങ്ങൾ പാടെ മറക്കണം
അതിനായി പോകണമെനിക്ക് ഒരു യാത്രയ്ക്ക്

ഞാനും നീയും അവനും അവളും
നമ്മളായി മാറുന്നൊരിടത്തേക്ക് പോകണം
നമ്മളെ വ്യത്യസ്തരാക്കും അതിർവരമ്പുകൾ
ഭേദിക്കപ്പെടുന്നൊരിടമുണ്ടോ പക്ഷെ?

എവിടെയുമാരും ആർക്കും തുല്ല്യനല്ലല്ലോ?
വേർതിരിക്കപ്പെടേണ്ട  ജന്മങ്ങളാണു നാം
അരികിലാകുമ്പോളും നാം അദൃശ്യമതിലുകൾക്കിരുപുറം
പുഞ്ചിരികൾ മറയ്ക്കുന്നതോ  ഉള്ളിലെ കപടതയും.

പൊട്ടിച്ചെറിയണമെനിക്കിതെല്ലാം, പക്ഷേ
ഈ തീരാച്ചങ്ങലയിലെ ഒരു കുഞ്ഞുകണ്ണിയല്ലേ  ഞാനും ?
എന്റെ സുന്ദരയാത്ര ഒരു സ്വപ്നമായി നില്ക്കും
ഞാനെന്ന കണ്ണി തുരുമ്പിച്ചില്ലാതാവും  നാൾ വരെ.  

Comments

Post a Comment

Popular posts from this blog

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ

Windows of Joy

Dual Lives